പുതുപ്പള്ളി വിധിയെഴുത്ത്; രേഖപ്പെടുത്തിയത് 71.68 ശതമാനം പോളിംഗ്

  • 05/09/2023

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 5 മണിക്ക് ശേഷം 71.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചില ബൂത്തുകളില്‍ ഇപ്പോഴും പോളിങ് അവസാനിച്ചിട്ടില്ല. വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട് ചില പോളിങ് ബൂത്തുകളില്‍. അതിനിടെ, പോളിങ് വൈകിയതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിപ്പെട്ടു. പോളിങ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. 


ചിലയിടങ്ങളില്‍ മഴ പെയ്തെങ്കിലും പോളിംഗിനെ കാര്യമായി ബാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു.

ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോര്‍ജിയൻ സ്‌കൂള്‍ ബൂത്തിലും ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലും വോട്ട് ചെയ്തു.

Related News