വയനാട് ജീപ്പ് അപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതെ സർക്കാർ

  • 05/09/2023

വയനാട് കണ്ണോത്തുമല ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ മാസം 25ന് നാടിനെ നടുക്കിയ അപകടത്തിൽ 9 പേർ മരിക്കുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണാനന്തര കർമങ്ങൾക്ക് 10,000 രൂപ മാത്രമാണ് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചത്.

പരിക്കേറ്റവർക്ക് അടിയന്തര ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഗുരുതര അലംഭാവമാണുണ്ടായിയിരിക്കുന്നത് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. മന്ത്രിസഭാ യോഗം കഴിഞ്ഞിട്ടും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ടി സിദ്ദിഖ് ട്വന്റിഫോറിനോട് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് അർഹമായ ധനസഹായം പ്രഖ്യാപിക്കാൻ വേഗത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗും ബിജെപിയും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

Related News