കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന്‍ നാളെ ഇഡിക്കു മുന്നില്‍ ഹാജരാകും

  • 10/09/2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ നാളെ ഇഡി ഓഫീസില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എസി മൊയ്തീൻ വ്യക്തമാക്കി. ഇഡി ഓഫീസില്‍ ഹാജരാകുന്നതിനാല്‍, നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും മൊയ്തീൻ പറഞ്ഞു. 


ചോദ്യം ചെയ്യുന്നതിനായി ഇഡി രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഒഴിവാകുകയായിരുന്നു. ബാങ്കില്‍നിന്ന് ബിനാമികള്‍ക്ക് വ്യാജ വായ്പ അനുവദിക്കുന്നതില്‍ എസി മൊയ്തീൻ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. 10 വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനാണ് ഇ ഡി എ സി മൊയ്തീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൊയ്തീനുമായി അടുത്ത ബന്ധമുള്ള തൃശൂര്‍ കോര്‍പറേഷൻ കൗണ്‍സിലര്‍ അനൂപ് ഡേവിസിനെയും, വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ അരവിന്ദാക്ഷനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ പി സതീഷ് കുമാറിന്റെ കൈവശമെത്തിയ പണത്തിന്റെ വിഹിതം മുൻ എംപി ക്കും ലഭിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുൻ എംപി, എംഎല്‍എ എന്നിവരുടെയെല്ലാം ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇഡിക്ക് മൊഴി ലഭിച്ചിട്ടുള്ളത്. 

Related News