കരുവന്നൂർ കേസ്: എ സി മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

  • 10/09/2023

തൃശൂർ:  കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ എം.എൽഎയെ എൻഫോഴ്‌സ്‌മെൻറ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇഡി നൽകിയ നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയത് എ.സി മൊയ്തീനിൻറെ ശുപാർശപ്രകാരമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

കേസിൽ അന്വേഷണം നേരിടുന്ന മുൻ മാനേജർ ബിജു കരീമിൻറെ ബന്ധുകൂടിയാണ് എ.സി മൊയ്തീൻ. ബെനാമി ലോൺ തട്ടിപ്പിൻറെ ആസൂത്രകൻ സതീഷ് കുമാറുമായി എ.സി മൊയ്തീനിന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎൽഎയുടെയും മുൻ എംപിയുടെയും ബെനാമിയാണെന്നും. ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ സിപിഎം കൗൺസിലർ അനൂപ് ഡേവിഡ് കാട, എംപി അരവിന്ദാക്ഷൻ, സതീഷ് കുമാറിൻറെ ഇടനിലക്കാരൻ ജിജോർ അടക്കമുള്ളവരോടും ഇന്ന് വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, കരുവന്നൂർ തട്ടിപ്പിൽ വടക്കാഞ്ചേരിയിലെ കൂടുതൽ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു. പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാൻ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. നേരത്തെ ജനപ്രതിനിധികളായ അരവിന്ദാക്ഷൻ, മധു എന്നിവരെയും ജിജോറെന്ന മറ്റൊരാളെയും ചോദ്യം ചെയ്തിരുന്നു. ഇവരാണ് സതീശൻറെയും എ.സി മൊയ്തീൻറെയും ഇടനിലക്കാരായി നിന്നതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

Related News