ഐ ഫോണ്‍ ഡെലിവറി വൈകുമെന്ന് പറഞ്ഞു, കലിയിളകി കലിപ്പന്മാര്‍, ജീവനക്കാരെ പൊതിരെ തല്ലി

  • 23/09/2023

ഐഫോണ്‍ 15 സ്വന്തമാക്കാൻ സ്റ്റോറിന് മുന്നില്‍ മണിക്കൂറുകള്‍ ആളുകള്‍ കാത്തുനില്‍ക്കുന്ന വാര്‍ത്തക്ക് പിന്നാലെ ഫോണ്‍ ഡെലിവറി വൈകിയതിനെ തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ഐഫോണ്‍ 15-ന്റെ ഡെലിവറി വൈകുമെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ അക്രമാസക്തരാകുകയായിരുന്നു. പിന്നാലെ ഇവര്‍ ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാരെ മര്‍ദ്ദിച്ചു. നോര്‍ത്ത് ദില്ലിയിലെ കമല നഗര്‍ മാര്‍ക്കറ്റിലാണ് സംഭവം.

സ്റ്റോറില്‍ പത്തോളം ജീവനക്കാരുടെ മുന്നില്‍വെച്ചായിരുന്നു മര്‍ദ്ദനം. ഇവര്‍ തടയാൻ ശ്രമിച്ചെങ്കിലും യുവാക്കള്‍ അടങ്ങിയില്ല. രണ്ട് ഉപഭോക്താക്കള്‍ക്കെതിരെയും ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയില്‍ ഐഫോണ്‍ 15 വില്‍പ്പന ആരഭിച്ചത് മുതല്‍ സ്റ്റോറുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മുംബൈയിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുതിയ ഐഫോണ്‍, ആപ്പിള്‍ വാച്ച്‌, എയര്‍പോഡ്‌സ് എന്നിവയില്‍ നിന്ന് ആദ്യമായി സ്വന്തമാക്കാനായി അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകളെത്തിയിരുന്നു. ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ വാങ്ങാനായി ഉപഭോക്താക്കള്‍ക്ക് 17 മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വന്നു. ചിലര്‍ വിമാനത്തിലാണ് മുംബൈയിലെത്തി ആപ്പിള്‍ ഫോണ്‍ വാങ്ങിയത്.

Related News