കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം; ദേഹമാസകലം പരിക്കേറ്റ പാടുകള്‍; ചവിട്ടിക്കൊന്നതെന്ന് പ്രാഥമിക നിഗമനം

  • 12/10/2023

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയില്‍ സ്വദേശി ജോസിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹം മുഴുവന്‍ പരിക്കേറ്റ പാടുകളുണ്ട്. 


ഇന്നലെ ആന ഏറെ നേരം നിന്ന ഉളിക്കലിലെ പള്ളിപ്പറമ്ബിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ദേഹമാസകലം മുറിവേറ്റ പാടുകള്‍ ഉള്ളതിനാല്‍ ആന ചവിട്ടിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ മുതല്‍ പിതാവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ആനയിറങ്ങിയ വിവരം അറിഞ്ഞ് ഇന്നലെ രാത്രി പത്തുമണിയോടെയാണ് ജോസ് ഉളിക്കല്‍ ടൗണിലേക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായി സ്ഥലം എംഎല്‍എ പറഞ്ഞു. മകനും ബന്ധുവും സ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിഞ്ഞതായും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്നതെന്നും എംഎല്‍എ പറഞ്ഞു. 

അതേസമയം, ഉളിക്കല്‍ ടൗണില്‍ ഭീതി പരത്തിയ കാട്ടാന തിരിച്ച്‌ കാടു കയറി. രാത്രി മുഴുവന്‍ പ്രദേശത്ത് തങ്ങിയ ആന പുലര്‍ച്ചെ പീടികക്കുന്ന് വഴി കര്‍ണാടക വനമേഖലയില്‍ പ്രവേശിച്ചു.

Related News