പി എം 2 ആനയുടെ സ്വഭാവം പ്രധാനം; കാട്ടില്‍ വിട്ടാല്‍ അതീജീവിക്കുക പ്രയാസം

  • 10/01/2024

പിഎം 2 എന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയില്‍ നിന്ന് കാട്ടിലേക്ക് തുറന്നു വിടണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിക്കാൻ വനംവകുപ്പ്. മതിയായ ആലോചനയില്ലാതെ തിടുക്കത്തില്‍ ആനയെ പിടിച്ചെന്ന വിമര്‍ശനത്തില്‍ വനംവകുപ്പില്‍ അതൃപ്തിയുണ്ട്. ഒരു വര്‍ഷമായി മുത്തങ്ങയിലെ ആനപ്പന്തിയില്‍ കഴിയുന്ന ഈ മോഴയാനയെ ഇനി കാട്ടില്‍ വിട്ടാല്‍ അതീജീവിക്കുക ശ്രമകരമാണെന്നും വനം വകുപ്പ് കരുതുന്നു.

പന്തല്ലൂര്‍ മഖ്ന എന്ന പിഎം 2 ടുവിനെ 2023 ജനുവരി ഒൻപതിനാണ് വയനാട് എലഫന്റ് സ്ക്വാഡ് പിടികൂടി കൂട്ടിലടച്ചത്. സുല്‍ത്താൻ ബത്തേരി നഗരത്തില്‍ ഇറങ്ങി അപകടവിലസല്‍ നടത്തിയതോടെയാണ് ആനയെ പിടിക്കാൻ വനംവകുപ്പ് തുനിഞ്ഞത്. പക്ഷേ, ആനപിടുത്തത്തിനുള്ള സംഘം അന്ന് ധോണിയെ വിറപ്പിച്ച പിടി സെവനെ പിടിക്കാനുള്ള ഒരുക്കത്തില്‍ പാലക്കാട് ആയിരുന്നു. അവിടെ നിന്ന് രാത്രി, ചുരം കയറി ബത്തേരിയിലെത്തിയ സംഘം പിഎം ടുവിനെ തടവിലാക്കി.

ആ മയക്കുവെടി ദൗത്യത്തെ വിമര്‍ശിച്ചാണ് വിദഗ്ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ തമിഴ്നാട്ടിലെ പന്തല്ലൂര്‍ മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ത്ത മോഴയാണ് പിഎം 2. അരിശി രാജയെന്ന് നാട്ടുകാര്‍ വിളിച്ച മോഴയാന രണ്ടുപേരെ കൊന്നിട്ടുമുണ്ട്. ഇതോടെ 2022 ഡിസംബറില്‍ തമിഴ്നാട് ആനയെ മയക്കുവെടിവച്ച്‌ റോഡിയോ കോളര്‍ ഘടിപ്പിച്ച്‌ കാട്ടില്‍ വിട്ടു. എന്നിട്ടും മോഴ മറ്റൊരു ജനവാസ മേഖലയില്‍ എത്തി, വിലസി. ഇതൊന്നും പരിഗണിച്ചില്ലേ എന്നാണ് ജനപ്രതിനിധികളുടെ ചോദ്യം.

Related News