രാമക്ഷേത്രം: വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുദര്‍ശനത്തിന് എതിരെന്ന് ശ്രീനാരായണ മാനവധര്‍മ്മം ട്രസ്റ്റ്

  • 12/01/2024

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തില്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുദര്‍ശനത്തിന് എതിരെന്ന് ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ്. സംഘ്പരിവാര്‍ അജണ്ട അനുസരിച്ച്‌ ശ്രീനാരായണധര്‍മ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഇതിനെതിരെ ഈഴവ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ടെന്ന് ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയന്‍റെയും അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അയോധ്യയില്‍ പൂജിച്ച അക്ഷതം ആര്‍.എസ്.എസ് പ്രാന്തീയകാര്യകാരി സദസ്യൻ എ.ആര്‍. മോഹനില്‍നിന്ന് ഭാര്യ പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.ജനുവരി 22ലെ പ്രതിഷ്ഠ മുഹൂര്‍ത്തത്തില്‍ വിശ്വാസികള്‍ സ്വഭവനങ്ങളില്‍ ദീപംതെളിച്ച്‌ ലോകനന്മക്കായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടന രംഗത്തെത്തിയത്.

വെള്ളാപ്പള്ളി നടേശൻ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തെ വര്‍ണാശ്രമ ധര്‍മ്മ പരിപാലന യോഗമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. എസ് എൻ ഡി പി യോഗത്തിന്റെ നിയന്ത്രണം നാഗ്പൂറിന് കൈമാറണമെന്നാണ് നടേശൻറെ ആഗ്രഹമെന്നും ആ നിലപാടിലൂടെ തെളിഞ്ഞു.

Related News