കൊലപാതകത്തിന് ശേഷം ഒരു രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം; വിതുരയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ സുനിലയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ നാട്

  • 12/01/2024

ഒരുമിച്ച്‌ ജീവിക്കാൻ കഴിയാത്തതിനാല്‍ വിതുരയില്‍ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംഭവത്തില്‍ പ്രതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ തീരുമാനം മാറ്റി. ഇവര്‍ തമ്മില്‍ വളരെ കാലങ്ങളായി അടുപ്പത്തിലായിരുന്നു.

ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാല്‍ മരിക്കാനായിരുന്നു ഇരുവരുടെയും തീരുമാനമെന്നും പൊലീസ് പറഞ്ഞു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ സുനിലയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളും ഭര്‍ത്താവും ചേര്‍ന്ന് വിതുര പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഊറാന്‍മൂട് സ്വദേശി അച്ചുവിനെ പാലോട് പനയമുട്ടത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അടുപ്പത്തിലായിരുന്ന തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിലയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെടുത്തു.

കഴുത്തില്‍ കയര്‍ കുരുക്കിയാണ് സുനിലയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. തിങ്കളാഴ്ച രാത്രി കൊലപാതകത്തിനുശേഷം പ്രതി ഒരു രാത്രി മുഴുവൻ മൃതദേഹത്തിനടുത്ത് കിടന്നു. രാവിലെയായതോടെ ആത്മഹത്യ ചെയ്യണമെന്ന തീരുമാനം മാറ്റി. രാവിലെ അമ്മയുടെ സ്ഥലമായ പനയമുട്ടത്തേക്ക് പോയി. ഇവിടെവെച്ചാണ് ഇയാള്‍ പാലോട് പൊലീസിന്റെ പിടിയിലാവുന്നത്.

Related News