'സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ വിദേശത്തുള്ള ഭാര്യക്ക് സംശയം, മാനസിക പീഡനം': ശ്രീദേവിയുടെ ആത്മഹത്യ, ഒടുവില്‍ അറസ്റ്റ്

  • 13/01/2024

ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മനിലപുതുപ്പറമ്ബില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാര്‍ അയ്യപ്പൻകോവില്‍ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായില്‍ ഭര്‍ത്താവിൻറെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയോടെ തന്‍റെ വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ ബാഗില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

ഇതില്‍ അയ്യപ്പൻ കോവില്‍ സ്വദേശിയും ശ്രീദേവിയുടെ സുഹൃത്തുമായ പ്രമോദ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുറിച്ചിരുന്നു. കുടുംബ വീട്ടില്‍ വരുമ്ബോള്‍ ഓട്ടോ ഡ്രൈവറായ പ്രമോദിൻറെ വാഹനം ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ടായിരുന്നു. ഇത് പ്രമോദിൻറെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയും നിരന്തരം ഫോണില്‍ വിളിച്ച്‌ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതോടെ ശ്രീദേവിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒന്നാം പ്രതിയായ പ്രമോദ് വര്‍ഗീസിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Related News