കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക്; ഇനി മന്ത്രി മാറിയാലും സിസ്റ്റം മാറ്റാനാകില്ലെന്ന് ഗണേഷ് കുമാര്‍

  • 17/01/2024

സുതാര്യത ഉറപ്പാക്കാന്‍ കെഎസ്‌ആര്‍ടിസിയുടെ മൊത്തം നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അക്കൗണ്ട്‌സ്, പര്‍ച്ചേയ്‌സ്, സ്റ്റോക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പുതിയ സോഫ്റ്റ് വെയറിലേക്ക് മാറും. താന്‍ മന്ത്രിസ്ഥാനത്ത് നിന്ന് പോയാലും, എംഡി മാറിയാലും പൊളിക്കാന്‍ പറ്റാത്ത ഒരു സിസ്റ്റമായി കെഎസ്‌ആര്‍ടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സ്ഥായിയായ ഒരു സൊല്യൂഷന്‍ ഇല്ലെങ്കില്‍ കെഎസ്‌ആര്‍ടിസി രക്ഷപ്പെടില്ല. മുന്‍പ് ഞാന്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ എല്ലാം എടുത്തുകളഞ്ഞു. നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഒരിക്കലും മാറ്റാന്‍ കഴിയാത്ത, ഭരണനിര്‍വഹണരംഗത്ത് മുഴുവന്‍ നിയന്ത്രണം കൊണ്ടുവരുന്ന സംവിധാനമാണ് വരാന്‍ പോകുന്നത്. പേഴ്‌സണല്‍ മാനേജര്‍ ഇല്ല, അക്കൗണ്ട്‌സ് മാനേജര്‍ ഇല്ല, ഇത്തരത്തിലുള്ള പരാതികളുടെ ആവശ്യം ഇനി ഇല്ല.

കമ്ബ്യൂട്ടര്‍ വരുന്നതോടെ എല്ലാം മാറും. ഡേറ്റ എന്‍ട്രി മാത്രം മതി. ബാക്കിയെല്ലാം കമ്ബ്യൂട്ടര്‍ വഴി അറിയാന്‍ സാധിക്കും. ചെലവ് ചുരുക്കാന്‍ ഇത് സഹായിക്കും. പുതിയ നിയമനങ്ങളുടെ ആവശ്യവും വരില്ല.'- കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Related News