വിദ്യാര്‍ഥിയെ റാഗ് ചെയ്‌ത സംഭവം; എട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

  • 20/01/2024

കോഴിക്കോട് താമരശേരിയില്‍ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തില്‍ എട്ട് സീനിയർ വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരല്‍, കയ്യേറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനിച്ചതായി പ്രിൻസിപ്പാള്‍ അറിയിച്ചു. 

ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് താമരശേരി ഗവണ്‍മെൻറ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന് മുന്നില്‍ വച്ച്‌ ഒന്നാം വർഷ വിദ്യാർഥി ഷുഹൈബിനെ ഒരു സംഘം സീനിയർ വിദ്യാർഥികള്‍ മർദ്ദിച്ചത്. ഷുഹൈബിൻറെയും രക്ഷിതാക്കളുടെയും വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ടാലറിയാവുന്ന നാല് പേരുള്‍പ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ക്ക് പ്രായപൂർത്തിയാവാത്തതിനാല്‍ സമഗ്ര റിപ്പോർട്ട് പൊലീസ് പ്രിൻസിപ്പല്‍ ജുവനൈല്‍ മജിസ്ട്രേറ്റിന് സമർപ്പിക്കും. ഒരുമാസം മുമ്ബ് നടന്ന റാഗിങ്ങില്‍ പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തില്‍ ഷുഹൈബിൻറെ തോളെന്നിന് പൊട്ടലുണ്ട്.

ഒരു മാസം മുമ്ബ് ഷർട്ടിൻറെ ബട്ടൻ ഇട്ടില്ലെന്ന പേരില്‍ സീനിയർ വിദ്യാർഥികള്‍ ഷുഹൈബ് ഉള്‍പ്പെടെയുള്ള ഒന്നാം വർഷ വിദ്യാർഥികളെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിരുന്നു. അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിന് ധാരണയുമായി. എന്നാല്‍ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാർഥികള്‍ ഉള്‍പ്പെടെയാണ് വീണ്ടും ആക്രമണം നടത്തിയത്.

നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ടവരില്‍ രണ്ട് പേർ മാത്രമാണ് ഇന്നലത്തെ സംഘർഷത്തില്‍ ഉള്‍പ്പെട്ടതെന്നാണ് സ്കൂള്‍ പ്രിൻസിപ്പാളിൻറെ വിശദീകരണം. ഇവരടക്കം ഒന്നാം വർഷ വിദ്യാർഥികളെ മർദ്ദിച്ച എല്ലാവർക്കുമെതിരെ നടപടിയുണ്ടാകരുമെന്നും സ്കൂള്‍ പ്രിൻസിപ്പാള്‍ അറിയിച്ചു.

Related News