സ്വത്ത് കിട്ടി, നോക്കാൻ ആളില്ലാതെ പെറ്റമ്മ മരിച്ച സംഭവം; മക്കള്‍ക്കെതിരെ കേസ്

  • 22/01/2024

മക്കള്‍ സംരക്ഷിക്കാത്തതിനെ തുടർന്നു പൊലീസ് ആശുപത്രിയില്‍ എത്തിച്ച 76കാരി മരിച്ച സംഭവത്തില്‍ മക്കള്‍ക്കെതിരെ കേസ്. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. ഇന്ന് രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അവർ മരിച്ചത്. മകൻ സജിമോൻ, മകള്‍ സിജി എന്നിവർക്കെതിരെ കുമളി പൊലീസാണ് കേസെടുത്തത്. 

മക്കള്‍ ഉപേക്ഷിച്ചതിനെ തുടർന്ന് സംരക്ഷിക്കാൻ ആരുമില്ലാതെയാണ് അന്നക്കുട്ടി മാത്യു മരണത്തിനു കീഴ‌ടങ്ങിയത്. അന്നക്കുട്ടി വാടക വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കിടപ്പിലായതോടെ പഞ്ചായത്ത് അംഗം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകനും മകളും അമ്മയെ ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ പരിചരിക്കാൻ വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. 

വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച്‌ പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച്‌ കുമളിയില്‍ തന്നെയാണ് താമസം. 

മകന്റെ സംരക്ഷണത്തിലായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. പൊലീസ് അറിയച്ചതനുസരിച്ച്‌ ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്‍, വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു.

Related News