കേരളീയത്തിന് 10 കോടി അധിക ഫണ്ട് അനുവദിച്ച്‌ സര്‍ക്കാര്‍

  • 25/01/2024

കേരളീയം പരിപാടിയുടെ ചെലവിനത്തിലേക്ക് 10 കോടി രൂപ അധിക ഫണ്ട് അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. നേരത്തെ 27 കോടിയാണ് അനുവദിച്ചത്. ബാക്കി തുക സ്പോണ്‍സർശിപ്പ് വഴി കണ്ടെത്തിയെന്നാണ് സർക്കാർ വിശദീകരണം. അതേസമയം, സ്പോണ്‍സർമാരുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. കേരളീയം ധൂർത്താണെന്ന പ്രതിപക്ഷ വിമർശനങ്ങള്‍ക്കിടെയാണ് കൂടുതല്‍ തുക നല്‍കുന്നത്.

ടൂറിസം വികസനത്തിന് എന്ന പേരില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പരിപാടിക്ക് നേരത്തെ 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് ഇപ്പോള്‍ 10 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ പാരമ്ബര്യവും വികസന നേട്ടങ്ങളുമെല്ലാം പരത്തി പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നല്‍ ടൂറിസം മേഖലയില്‍ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഒന്നും തടസമായിരുന്നില്ല.

27 കോടി 12 ലക്ഷം രൂപ അനുവദിച്ചതില്‍ ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനായിരുന്നു, 9.39 കോടി രൂപ. പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 3 കോടി 98 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.

Related News