വാക്‌പോര്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

  • 29/01/2024

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനമായിട്ടുള്ളത്. നേരത്തെ മാര്‍ച്ച്‌ 20 വരെയാണ് ബജറ്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ നടക്കും. 

ഫെബ്രുവരി 12 മുതല്‍ 15 വരെ ബജറ്റിന്മേല്‍ ചര്‍ച്ച നടക്കും. ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ബജറ്റിന് ശേഷം സമ്മേളനത്തില്‍ ഇടവേളയുണ്ടായത്. ഇതു തീരുമാനിച്ച കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രക്ഷോഭയാത്ര കണക്കിലെടുത്ത് സമ്മേളന തീയതികളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് രണ്ടാം തീയതിയിലേക്കും, ബജറ്റിന്മേലുള്ള ചര്‍ച്ച അഞ്ചുമുതല്‍ എട്ടുവരെയുള്ള തീയതികളിലേക്ക് മാറ്റിക്കൂടേയെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്. രാഷ്ട്രീയ പരിപാടികള്‍ക്കായി സഭാസമ്മേളനത്തില്‍ മാറ്റം വരുത്താറുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ അതിന് വഴങ്ങാന്‍ കൂട്ടാക്കിയില്ല.

Related News