സംസ്ഥാനത്ത് 2016 ന് ശേഷം ജീവനൊടുക്കിയത് 42 കര്‍ഷകര്‍; ബന്ധുക്കള്‍ക്ക് ആകെ കൊടുത്ത ധനസഹായം 44 ലക്ഷം രൂപ

  • 04/02/2024

സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനമായി നല്‍കിയത് 44 ലക്ഷം രൂപയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ ടി സിദ്ധിഖിന്റെ നക്ഷത്ര ചിഹ്നം ഇടാതെയുള്ള ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ഫെബ്രുവരി രണ്ടിനാണ് ഈ മറുപടി മന്ത്രി എംഎല്‍എയ്ക്ക് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ കാലിത്തൊഴുത്ത് പണിയാൻ ചെലവഴിച്ചതും 44 ലക്ഷം രൂപയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിനിടെയാണ് ഈ കണക്കും പുറത്തുവന്നത്.

സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ 2016 ല്‍ അധികാരത്തിലെത്തിയ ശേഷം മുതലുള്ള കണക്കാണ് പ്രതിപക്ഷ അംഗം ചോദിച്ചത്. 2016 ല്‍ ഒരു കര്‍ഷകൻ മാത്രമാണ് ജീവനൊടുക്കിയത്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ജീവനൊടുക്കിയത് 2019 ലായിരുന്നു 13. ഒൻപത് കര്‍ഷകര്‍ 2023 ല്‍ ജീവനൊടുക്കി. 2017 ല്‍ ഒരാളും 2018 ല്‍ ആറ് പേരും 2020 ല്‍ നാല് പേരും 2021, 2022 വര്‍ഷങ്ങളില്‍ മൂന്ന് പേര്‍ വീതവും, 2024 ല്‍ ഇതുവരെ രണ്ട് പേരും ജീവനൊടുക്കിയെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ മറുപടിയില്‍ അനുബന്ധമായി ചേര്‍ത്ത പട്ടികയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Related News