'സംസ്ഥാനത്ത് ഉത്സവകാലത്ത് അരി വില കൂടും'; മന്ത്രി ജിആര്‍ അനില്‍

  • 04/02/2024

സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആർ അനില്‍. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളാണ് അരി വില വർധിക്കാൻ കാരണമാകുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.

ഫുഡ് കോർപറേഷൻ ഗോഡൗണുകളില്‍ അധികമുള്ള അരി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന ഓപ്പണ്‍ മാർക്കറ്റ് സെയില്‍സ് സ്കീമിലെ ടെൻഡറില്‍ പങ്കെടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികള്‍ക്കും കേന്ദ്ര സർക്കാര്‍ അനുമതി നല്‍കിയില്ല. ഇത് അരി ലഭ്യത കുറയാൻ കാരണമാകും. മുൻപ് ഈ ലേലത്തില്‍ പങ്കെടുത്താണ് സപ്ലൈകോ അരി വാങ്ങിയിരുന്നത്.

സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തില്‍ വരുന്ന 57% നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്കുള്ള ടൈഡ് ഓവർ അരിവിഹിതം പ്രതിവർഷം 3.99 ലക്ഷം ടണ്ണില്‍ നിന്നു വർധിപ്പിക്കാത്തതും പ്രയാസകരമാണ്. ഈ വിഹിതത്തിന്റെ പ്രതിമാസ വിതരണം 33,294 ടണ്‍ ആയി കേന്ദ്ര സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്.

എന്നാല്‍, സംസ്ഥാനത്ത് ഉത്സവസീസണുകളിലാണ് നീല, വെള്ള കാർഡ് ഉടമകള്‍ കൂടുതല്‍ അരി വാങ്ങുന്നതും സർക്കാർ സ്പെഷല്‍ അരി വിഹിതം നല്‍കുന്നതും. ഇതിന് പിഴ ചുമത്തുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്സവകാലങ്ങളില്‍ കൂടുതല്‍ അരി എന്ന തരത്തില്‍ ക്രമീകരിച്ചു വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല.

Related News