വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 9 ലക്ഷവും തട്ടി, ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍

  • 05/02/2024

ശാസ്താംകോട്ടയില്‍ എസ്‌എഫ്‌ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ 9 ലക്ഷം രൂപ തട്ടിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. 

ശനിയാഴ്ചയാണ് പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്‌എഫ്‌ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം ചെയ്യാമെന്ന് വിശാഖ് പെണ്‍കുട്ടിയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

പിന്നീട് പലപ്പോഴായി പലവിധ ആവശ്യങ്ങള്‍ക്ക് ഒമ്ബത് ലക്ഷം രൂപ പെണ്‍കുട്ടി സ്കൂള്‍ അധ്യാപികയായ അമ്മയുടെ ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. വിശാഖിൻ്റെ ബുള്ളറ്റിൻ്റെ തവണകള്‍ അടച്ചത് പെണ്‍കുട്ടിയാണ്. മാല പണയം വയ്ക്കാൻ വാങ്ങിയും അതിൻ്റെ പണം പെണ്‍കുട്ടിയെ കൊണ്ട് അടപ്പിച്ചും നിരവധി തവണ കബളിപ്പിച്ചു. മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെണ്‍കുട്ടി പിന്നീട് മൊഴി നല്‍കി. സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസില്‍ അടിപിടി കേസുണ്ട്.

മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്‌എഫ്‌ഐ പ്രവർത്തക പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീർപ്പായിരുന്നു. 

Related News