മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ട് കയ്യേറ്റ കേസില്‍ ഇന്ന് ഹിയറിങ്

  • 07/02/2024

ഇടുക്കി ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടൻ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താൻ റിസോർട്ടുമായി ബന്ധപ്പെട്ട കേസില്‍ ഹിയറിങ് നടപടികള്‍ ഇന്നുണ്ടായേക്കും. വിജിലൻസ് നടത്തിയ അന്വേഷണത്തില്‍ 50 സെൻ്റ് സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഇക്കാര്യം ശരിവച്ചതോടെയാണ് തുടർനടപടികളുമായി റവന്യൂ വകുപ്പ് മുമ്ബോട്ടു പോയത്. തെളിവുകള്‍ ഹാജരാക്കാൻ കുഴല്‍നാടന് കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങും. ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും പരിശോധിച്ച്‌ നടപടിയെടുക്കട്ടെയെന്നുമായിരുന്നു മാത്യുവിൻ്റെ വാദം.

50 സെന്‍റ് സർക്കാർ ഭൂമി മാത്യു കുഴല്‍നാടൻ കയ്യേറി മതില്‍ കെട്ടിയെന്നാണ് കണ്ടെത്തല്‍. 2022ലാണ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലില്‍ റിസോർട്ട് വാങ്ങിയത്.തുടർന്ന് ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോള്‍ കുഴല്‍നാടന് വിജിലൻസ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്‌ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വയർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.

കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങള്‍ക്കും ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങള്‍ക്കും നിർമിച്ചു എന്നായിരുന്നു രേഖകള്‍. ഇതില്‍ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങള്‍ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴല്‍നാടനെതിരെയുള്ള ആരോപണം.

Related News