13,100 പരിശോധനകള്‍;ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 1663 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

  • 08/02/2024

ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍/ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 103 സ്‌ക്വാഡുകള്‍ നാല് ദിവസങ്ങളിലായാണ് പരിശോധനകള്‍ നടത്തിയത്.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിച്ച 1000 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുവാനുള്ള നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കിയത്.

Related News