മതസാമുദായിക നേതൃത്വങ്ങളുമായി സൗഹൃദം ഉറപ്പാക്കാനൊരുങ്ങി കോണ്‍ഗ്രസ്; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്

  • 09/02/2024

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മതസാമുദായിക നേതൃത്വങ്ങളുമായി സൗഹൃദം ഉറപ്പാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. അയോധ്യ വിഷയത്തിലുള്‍പ്പടെ എന്‍എസ്‌എസ് നേതൃത്വം ബിജെപി അനുകൂല നിലപാടെടുത്തതും ക്രൈസ്തവ സഭാ നേതൃത്വങ്ങളില്‍ ചിലത്ബിജെപിയുമായി അടുത്തതും ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്. സമസ്ത-ലീഗ് തര്‍ക്കങ്ങള്‍ വോട്ടുചോര്‍ച്ചയ്ക്കുള്ള കാരണമാകരുതെന്ന ലക്ഷ്യം വെച്ചാണ് മലബാറിലെ നീക്കങ്ങള്‍.

റബറിന്‍റെ താങ്ങുവിലയില്‍ വോട്ടിന് മോഹവിലയിട്ട തലശേരി രൂപതാധ്യക്ഷന്‍റെ പ്രസ്താവനയോടെ ഒന്നിളകി മറിഞ്ഞതാണ് യുഡിഎഫ്. ചങ്ങനാശ്ശേരി അരമന വരെ ഓടിയെത്തി കെപിസിസി പ്രസിഡന്‍റ് പൊടിക്കൈ പ്രയോഗിച്ചു. സ്നേഹസന്ദര്‍ശനങ്ങള്‍ തുടരുമെന്ന് പറഞ്ഞെങ്കിലും അത്രകണ്ട് മുന്നോട്ടുപോയില്ല. പി സി ജോര്‍ജിനെ പാര്‍ട്ടിയിലെത്തിച്ച്‌ മധ്യതിരുവിതാംകൂറില്‍ പത്തുവോട്ടെങ്കിലും കൂട്ടാനുളള നീക്കത്തിലാണ് ബിജെപി. ഇതോടെ സഭാ നേതൃത്വവുമായി അടുപ്പമുള്ള നേതാക്കളെ ഇറക്കി വോട്ടുബാങ്ക് പൊളിയാതെ നോക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റോജി എം ജോണ്‍, ഓര്‍ത്തഡോക്സ്- യാക്കോഭായ സഭകളോട് ഒരേ അടുപ്പമുള്ള ചാണ്ടി ഉമ്മന്‍ തുടങ്ങി, പുതിയ തലമുറ നേതാക്കളെ വരെ ഇറക്കിയാണ് ഇഴയടുപ്പം ശക്തിപ്പെടുത്തുന്നത്. നേതാക്കളില്‍ പലര്‍ക്കും നേരത്തെയുണ്ടായിരുന്ന അടുപ്പം എന്‍എസ്‌എസ് നേതൃത്വവുമായി ഇപ്പോഴില്ലാത്തത് വലിയ പ്രശ്നമാണ്.

Related News