ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട്, കുരുക്ക് മുറുക്കാൻ പൊലീസ്

  • 11/02/2024

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്‌ സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ദ്ധ സംഘങ്ങളുടേതാണ് റിപ്പോർട്ട്. സന്ദീപിന് മാനസികരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും കാണിച്ച്‌ കേസില്‍ നിന്ന് രക്ഷപ്പെടാൻ പലതവണ പ്രതി ശ്രമിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിയെ മാനസികരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ യാതൊരു മാനസിക പ്രശ്നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച്‌ പത്തുദിവസം പ്രത്യേക വെെദ്യസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരുടെ റിപ്പോർ‌ട്ട്. മാനസിക പ്രശ്നത്തിന്റെ പേരില്‍ ഇനി കേസില്‍ നിന്ന് സന്ദീപിന് രക്ഷപ്പെടാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. ഹെെക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Related News