ആന കര്‍ണാടകയിലെ കൊടുങ്കാട്ടിനുള്ളില്‍; ഇന്ന് മയക്കുവെടി വയ്ക്കില്ല; ദൗത്യസംഘം മടങ്ങി; പ്രതിഷേധവുമായി നാട്ടുകാര്‍

  • 11/02/2024

വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനോട് മടങ്ങാന്‍ നിര്‍ദേശം നല്‍കി. ബാബലിപുഴയുടെ പരിസരത്തുവച്ച്‌ ദൗത്യസംഘത്തിന് ആനയുമായുള്ള ട്രാക്കിങ് നഷ്ടമായിരുന്നു.

ആനയെ വെടിവെക്കാന്‍ വെറ്ററിനറി സംഘം ഉള്‍പ്പടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ദൗത്യം താത്കാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മയക്കുവെടി വെച്ചാലുടന്‍ ആനയെ വളയുന്നതിനായി നാലു കുങ്കിയാനകളെയും കാടിനുള്ളില്‍ എത്തിച്ചിരുന്നു. വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി ബാവലിയിലുണ്ടായിരുന്നത്. മയക്കുവെടി വെച്ച്‌ പിടികൂടിയാല്‍ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. 

രണ്ട് സിസിഎഫ് മാരുടേയും അഞ്ച് ഡിഎഫ്‌ഒ മാരുടേയും നേതൃത്വത്തിലായിരുന്നു ആനയെ പിടിക്കാനുള്ള ദൗത്യം തുടര്‍ന്നത്. ഉച്ചയോടെ ബാവലി സെക്ഷനിലെ വനമേഖലയില്‍ നിന്നും ആനയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നീക്കം ദ്രുതഗതിയിലാക്കിയിരുന്നു. വനംവകുപ്പിന് പുറമെ റവന്യു, പൊലീസ് ഉദ്യോഗസ്ഥരും എലിഫന്റ് ആംബുലന്‍സും എന്നിവ റെഡിയാക്കിയിരുന്നു.

Related News