മസാലബോണ്ട്: ഇഡി സമന്‍സിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  • 11/02/2024

മസാലബോണ്ട് കേസില്‍ ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കമെന്നും തുടര്‍ച്ചയായി സമന്‍സ് അയക്കുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

സമാന ആവശ്യം ഉന്നയിച്ച്‌ കിഫ്ബിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ കോടതി നേരത്തെ ഇഡിയോട് വിശദീകരണം തേടിയിരുന്നു. തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്.

കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങള്‍ ഇഡി തള്ളിയിരുന്നു. വിവിധ തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കിയത് തോമസ് ഐസക്കും മുഖ്യമന്ത്രിയുമാണെന്നുമാണ് ഇ ഡി വ്യക്തമാക്കിയത്. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്സ് രേഖകള്‍ മുൻനിർത്തിയാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Related News