എക്‌സാലോജിക്കിനെതിരെ നടപടി പാടില്ല, രേഖകള്‍ നല്‍കാന്‍ നിര്‍ദേശം; ഹര്‍ജി വിധി പറയാ‍ന്‍ മാറ്റി

  • 12/02/2024

കരിമണല്‍ കമ്ബനിയില്‍നിന്നു മാസപ്പടി വാങ്ങിയെന്ന കേസില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ എക്സാലോജിക് കമ്ബനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്‌എഫ്‌ഐഒയോട് കര്‍ണാടക ഹൈക്കോടതി. കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്‌എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കടുത്ത നടപടിയെടുക്കരുത്. എസ്‌എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്ന് എക്‌സാ ലോജിക്കിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റിന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് തല്‍ക്കാലം നോട്ടീസ് മാത്രമേ നല്‍കൂ എന്നാണ് എസ്‌എഫ്‌ഐഒ കോടതിയോട് മറുപടി പറഞ്ഞത്. എക്‌സാലോജികിന് 1.72 കോടി നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്‌എഫ്‌ഐഒ കോടതിയില്‍ പറഞ്ഞു. എക്‌സാലോജിക് സേവനമൊന്നും നല്‍കിയിട്ടില്ലെന്നും എസ്‌എഫ്‌ഐഒ കോടതിയില്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് സിഎംആര്‍എല്‍ 135 കോടി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

എസ്‌എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്സാലോജിക്ക് കോടതിയില്‍ വാദിച്ചത്. റജിസ്ട്രാര്‍ ഓഫ് കമ്ബനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആര്‍എല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും എക്സാലോജിക് അറിയിച്ചു. അതോടെ റജിസ്ട്രാര്‍ ഓഫ് കമ്ബനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോള്‍ അന്വേഷണപുരോഗതി അറിയില്ലെന്ന് എക്സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

Related News