'കേസ് കൊടുത്തതില്‍ അതൃപ്തി'- കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയമെന്നു ബാലഗോപാല്‍

  • 15/02/2024

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മില്‍ നടത്തിയ ചർച്ച പരാജയമെന്നു ധനമന്ത്രി കെഎൻ ബാലഗോപാല്‍. ചർച്ചയില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ലെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദ്ദേശവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. 

'ചർച്ച പോസിറ്റീവാണെന്നു പറയാൻ സാധിക്കില്ല. നാളെ സെക്രട്ടറിമാരുടെ ചർച്ചയുണ്ട്. വേണ്ടത്ര പുരോഗതിയുണ്ടായില്ല. കേസുള്ളപ്പോള്‍ എങ്ങനെ ചർച്ച നടക്കുമെന്ന നിലപാടാണ് കേന്ദ്രത്തിനു. കേസ് നടക്കുന്നതിനാല്‍ പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ സാധിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്നു കേന്ദ്രം നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല'- മന്ത്രി വ്യക്തമാക്കി.

ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള കേരള സംഘമാണ് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്. സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായത്.

Related News