ഫിയോക്കിന്റെ സമരപ്രഖ്യാപനം പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനം, നിലപാട് പുനഃപരിശോധിക്കണം; ഫെഫ്ക

  • 21/02/2024

തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക പറഞ്ഞു. നിലപാട് പുന: പരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.

ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾക്ക് റിലീസ് അനുവദിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക് പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പേരില്‍ കണ്ടന്‍റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റര്‍ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റര്‍ ഉടമകളാണ്. പ്രൊജക്റ്ററിന്‍റെ വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. 42 ദിവസം തിയറ്റര്‍ പ്രദര്‍ശനം കഴിഞ്ഞിട്ടേ സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണ്. പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷനും പ്രോജക്റ്റര്‍ നിബനധനകളും മള്‍ട്ടിപ്ലെക്സുകള്‍ക്ക് ബാധകമല്ലെന്നും ഫിയോക് കുറ്റപ്പെടുത്തുന്നു.

അതേസമയം മലയാള സിനിമകള്‍ ഈ വാരം മുതല്‍ റിലീസ് ചെയ്യില്ലെന്ന ഫിയോകിന്‍റെ തീരുമാനത്തെ എതിര്‍ത്ത് നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 22 ന് തിയറ്ററുകളില്‍ എത്തേണ്ട മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്‍റെയും തുടര്‍ന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചേര്‍ന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Related News