കരുത്തരെ കളത്തിലിറക്കി സി.പി.എം; പട്ടികയില്‍ മന്ത്രിയും എം.എല്‍.എ.മാരും കേന്ദ്രനേതാക്കളും

  • 22/02/2024

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതമാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ, സ്ഥാനാർഥിപ്പട്ടികയില്‍ ഇടംപിടിച്ചവരിലേറെയും മുൻനിരനേതാക്കള്‍. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി., മൂന്ന് എം.എല്‍.എ.മാർ, മൂന്ന് ജില്ലാസെക്രട്ടറിമാർ എന്നിവർ പോരാട്ടത്തിനിറങ്ങും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നിലേക്കു ചുരുങ്ങിയ ലോക്സഭാംഗത്വം പ്രമുഖനേതാക്കളെ പടയ്ക്കിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.പി.ബി. അംഗം എ. വിജയരാഘവൻ പാലക്കാട് മത്സരിക്കും. എളമരം കരീം എം.പി. (കോഴിക്കോട്), കെ.കെ. ശൈലജ (വടകര), കെ. രാധാകൃഷ്ണൻ (ആലത്തൂർ), തോമസ് ഐസക് (പത്തനംതിട്ട) എന്നിവരാണ് പടയ്ക്കിറങ്ങുന്ന കേന്ദ്രകമ്മിറ്റിയംഗങ്ങള്‍.

മൂന്ന് ജില്ലാസെക്രട്ടറിമാരെ രംഗത്തിറക്കിയതാണ് മറ്റൊരു അപൂർവത. തിരുവനന്തപുരം ജില്ലാസെക്രട്ടറി വി. ജോയ് ആറ്റിങ്ങലിലും കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജനും കാസർകോട് ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണനും അതതു മണ്ഡലങ്ങളില്‍ സ്ഥാനാർഥികളാവും. ആലപ്പുഴയില്‍ സിറ്റിങ് എം.പി. എ.എം. ആരിഫ് തന്നെയാണ് സ്ഥാനാർഥി. കൊല്ലത്ത് എം.എല്‍.എ.യും ചലച്ചിത്രതാരവുമായ എം. മുകേഷിനെ രംഗത്തിറക്കും.

Related News