പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ വേണ്ടെന്ന് നേതാക്കള്‍, പുതിയ ഫോര്‍മുലയ്ക്കായി ബിജെപി

  • 22/02/2024

പത്തനംതിട്ടയില്‍ പി.സി. ജോർജിന് പകരം പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മത സാമുദായിക സംഘടനകള്‍ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.


പത്തനംതിട്ടയില്‍ സീറ്റ് നല്‍കാമെന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വം പി.സി ജോര്‍ജിന് നല്‍കിയിരുന്നു. എന്നാല്‍, ജനപക്ഷവും ഇല്ലാതാക്കി ജോർജ് ബിജെപിയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ തകിടംമറിഞ്ഞു. പാർട്ടി നടത്തിയ അഭിപ്രായ സർവേയില്‍ നേതാക്കളൊന്നടക്കം പി.സി ജോര്‍ജ് വേണ്ടെന്ന അഭിപ്രായം അറിയിച്ചു. അതിലുപരി ബിഡിജെഎസിനും ജോർജിനെ വേണ്ട. ഇതോടെയാണ് പുതിയ ഫോർമുല ബിജെപി നേതൃത്വം ആലോചിക്കുന്നത്.

പത്തനംതിട്ട മണ്ഡലത്തില്‍ സുപരിചിതനായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മത്സരത്തിനിറക്കാനാണ് നീക്കം. ഒക്ടോബറില്‍ ഗവർണർ ചുമതല ഒഴിയുന്ന ശ്രീധരൻപിള്ളയ്ക്കും മത്സരിക്കുന്നതിനോട് താല്‍പര്യമാണ്. ജോർജിന് ഉചിതമായ മറ്റൊരു പദവി നല്‍കാനാണ് ആലോചന. ക്രൈസ്തവ സഭ നേതൃത്വങ്ങള്‍ക്കും ശ്രീധരപിള്ളയെ താല്‍പര്യമാണ്. പത്തനംതിട്ടയില്‍ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തോട് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ആവശ്യപ്പെട്ടു കഴിഞ്ഞു. 

Related News