എംഡിഎംഎയുമായി പിടിച്ചപ്പോള്‍ എസ്‌ഐയെ മര്‍ദ്ദിച്ച്‌ കടന്നു, ഒടുവില്‍ വലവീശിയപ്പോള്‍ പിടിയിലായത് അഞ്ചര കിലോ കഞ്ചാവുമായി

  • 24/02/2024

മാസങ്ങള്‍ക്ക് മുന്‍പ് എം ഡി എം യുമായി പിടികൂടുന്നതിനിടെ എസ് ഐയെയും സംഘത്തെയും മര്‍ദ്ദിച്ചു കടന്നുകളഞ്ഞ ലഹരിക്കടത്തുകാരനെയും കൂട്ടാളിയെയും വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. 5.710 കിലോ ഗ്രാം കഞ്ചാവുമായാണ് ഇവരെ കോഴിക്കോട് റൂറല്‍ എസ് പി ഡോ. അരവിന്ദ് സുകുമാര്‍ ഐ പി എസിന്റെ നേതൃത്വത്തിലുള്ള പൊലീസം സംഘം അറസ്റ്റ് ചെയ്തത്.

താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലില്‍ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മല്‍ അബ്ദുല്‍ വാസിത്ത് (33) എന്നിവരെയാണ് ഇന്ന് വൈകീട്ടോടെ മുക്കം കുറ്റിപ്പാല കുന്തംതൊടിക എന്ന സ്ഥലത്ത് കാര്‍ സഹിതം പിടികൂടിയത്. കാറിന്റെ ഡിക്കിയിലും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലമുക്കിലുള്ള വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് 145-ഗ്രാം എം ഡി എം എയുമായി പിടികൂടിയെങ്കിലും പ്രതി എസ് ഐയെ ഉള്‍പ്പെടെ മര്‍ദ്ദിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ നാലര മാസമായി ഒളിവില്‍ കഴിഞ്ഞ് വീണ്ടും മയക്കു മരുന്ന് വില്‍പന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അബ്ദുല്‍ വാസിത് പരപ്പന്‍പൊയില്‍ സ്വദേശിയായ അന്‍സാര്‍ എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

Related News