ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും ? ഇന്ന് പ്രധാനമന്ത്രി സംഘാംഗങ്ങളുടെ പേര് പ്രഖ്യാപിക്കും

  • 27/02/2024

ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാണെന്ന് സൂചന. പ്രശാന്ത് നായർക്ക് പുറമെ ആൻഗഡ് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളും ദൗത്യ പട്ടികയിലുണ്ട്.ഗഗൻയാനുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്ത് വന്നിട്ടുണ്ടെങ്കിലും യാത്രികരുടെ പേരുകൾ പുറത്ത് വന്നിരുന്നില്ല. ഇന്ന് പ്രധാനമന്ത്രി VSSC യിൽ നടക്കുന്ന പരിപാടിയിൽ യാത്രികരുടെ പേര് പ്രഖ്യാപിക്കും.

സുക്കോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് പ്രശാന്ത് നായർ. 1999-ൽ കമ്മിഷൻഡ് ഓഫീസറായാണ് പ്രശാന്ത് വ്യോമസേനയുടെ ഭാഗമാകുന്നത്.

മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ. യാത്രികർക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും. ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (എൽവിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗൻയാൻ പേടകം ഭ്രമണ പഥത്തിൽ എത്തിക്കുക. പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗൻയാൻ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം.

Related News