ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ കാരണഭൂതൻ ആരാണ്, എന്താണ് റോള്‍; ഇനി കണ്ടെത്തേണ്ടത് അതാണെന്ന് രമേശ് ചെന്നിത്തല

  • 27/02/2024

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു നിഷ്ഠുരമായ കൊലപാതകത്തെ സി പി എം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നതാണ്. ഏതായാലും ഇനിയും ഈ കേസില്‍ കൂടുതല്‍ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസം. ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന കെ.കെ. രമയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവർക്ക് പൂർണ്ണപിന്തുണ നല്‍കുന്നതാണ്. 

ഇനി ഈ കേസില്‍ അറിയേണ്ടത് ഇതിന്റെ കാരണഭൂതനെപ്പറ്റിയാണ്. കാരണഭൂതൻ ആരാണ് , എന്താണ് റോള്‍ എന്നുള്ളതാണ് അറിയാനുള്ളത്. അത് ഏതായാലും സുപ്രീം കോടതിയില്‍ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകള്‍ വരുമെന്നാണ് വിശ്വാസം. ഈ കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. അന്ന് അന്വേഷിക്കപ്പെടാതിരിക്കാൻ കാരണം അക്കാലഘട്ടത്തിലെ ഫോണ്‍ കോളുകള്‍ സർവ്വീസ് പ്രൊവൈഡേഴ്സ് നല്‍കാൻ വിസമ്മതിച്ചതാണ്. ഇനിയും അതിനുളള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. സർവ്വീസ് പ്രൊവൈഡേഴ്സാണ് ഈ കേസിലെ ഗുഢാലോചന അന്വേഷണത്തിനു തടസമായത് .

ഇത്തരം ഒരു കൊലപാതകം നടന്നിട്ട് അതിനെ ഇപി ജയരാജൻ ന്യായീകരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. എല്‍ഡിഎഫ് കണ്‍വീനർ എന്ന നിലയില്‍ ഇപി ജയരാജൻ നടത്തിയ പ്രസ്താവന ഇതിലെ മുഴുവൻ പ്രതികളെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് കാണിക്കുന്നത്. ഈ കേസില്‍ യഥാർത്ഥ ഗൂഢാലോചന നടത്തിയ കുഞ്ഞനന്തനെ വരെ ഇപി ജയരാജൻ ന്യായീകരിക്കുന്നു. കുഞ്ഞനന്തൻ ശുദ്ധാത്മാവാണ് എന്നും അദ്ദേഹം മാടപ്രാവാണ് എന്നും പറയുന്നു. 

Related News