ആദ്യ ഭാര്യയുടെ മകള്‍, അക്യുപങ്ചര്‍ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; 'ഷമീറ മരിക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നു'

  • 28/02/2024

തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയുടെ മകളേയും പ്രതി ചേര്‍ത്തു. അക്യുപങ്ചര്‍ ചികിത്സ പഠിച്ചിരുന്ന 19 കാരി ആസിയ ഉനൈസയെ ആണ് കേസില്‍ പൊലീസ് പുതുതായി പ്രതി ചേർത്തത്. ഷമീറ മരിക്കുന്ന സമയം ആസിയ ഉനൈസ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്.

വീട്ടിലെ പ്രസവത്തിനിടെ ഷമീറ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികളുടെ എണ്ണം ഇതോടെ നാലായി. ആദ്യ ഭാര്യ റെജിനയെ നേരത്തെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനുമാണ് കേസിലെ മറ്റ് പ്രതികള്‍.

ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നല്‍കാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിൻ്റെ ആദ്യ ഭാര്യ റജീന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞുവെന്നും പൊലീസിന് നേരത്തെ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് മകളും സ്ഥലത്തുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് ആസിയക്കെതിരെയും കേസെടുത്തത്. കേസില്‍ അറസ്റ്റിയായ നയാസും, ഷിഹാബുദ്ദീനും റിമാൻഡിലാണ്.

Related News