‘കാസർഗോഡ് ഇത്തവണയും പെരിയ ഇരട്ടക്കൊലക്കേസ് മുഖ്യ ചർച്ചാവിഷയമാകും’ : രാജ്‌മോഹൻ ഉണ്ണിത്താൻ

  • 28/02/2024

കാസർഗോഡ് മണ്ഡലത്തിൽ ഇത്തവണയും പെരിയ ഇരട്ടക്കൊലക്കേസ് മുഖ്യ ചർച്ച വിഷയമാകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. പെരിയ കേസ് ജനങ്ങൾ ഒരു കാലത്തും മറക്കില്ല, തെരഞ്ഞെടുപ്പിന് മുമ്പ് വിധി വന്നാൽ കേരളമാകെ ചർച്ചയാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രാദേശിക തെരഞ്ഞെടുപ്പ് മുതൽ എല്ലാ തെരഞ്ഞെടുപ്പിലും പെരിയ കേസ് പ്രധാന വിഷയമാണെന്നും സിപിഐഎമ്മിന് പങ്കില്ലെന്ന വാദം ജനങ്ങൾ വിശ്വസിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പെരിയ കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. 

അതേസമയം, പെരിയ കേസ് തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നാണ് കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണന്റെ അഭിപ്രായം. കേസ് യുഡിഎഫിന്റെ രാഷ്ട്രീയ ആയുധം മാത്രമാണെന്നും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എം.വി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐഎം നേതാക്കളെ കള്ളക്കേസിൽ കുടുക്കിയപ്പോഴാണ് കേസിൽ ഇടപെട്ടത്. വിധി വരട്ടെയെന്നു എൽഡിഎഫിന് ഒരു ഭയവുമില്ലെന്നും എം.വി ബാലകൃഷ്ണൻ വ്യക്തമാക്കി.

2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

Related News