സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജിതം; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

  • 01/03/2024

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവർ നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്. ഒളിവിൽ കഴിയുന്ന പ്രതി സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തി.
സിൻജോ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു കണ്ടെത്തൽ

അതേസമയം കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

Related News