ജനം ക്ഷമയുടെ നെല്ലിപ്പലക കണ്ടു, വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സര്‍ക്കാര്‍; വിമര്‍ശിച്ച്‌ സതീശൻ

  • 04/03/2024

കാട്ടാന ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സര്‍ക്കാരും വനം വകുപ്പുമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ആക്രമിക്കുകയും മൃതദേഹം വലിച്ചിഴയ്ക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

കാട്ടാന ആക്രമണത്തില്‍ രണ്ടു മാസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് ഇടുക്കിയില്‍ മാത്രം കൊല്ലപ്പെട്ടത്. ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്തതരത്തിലാണ് മലയോര മേഖലകളില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്നത്. വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍കുകയാണ്.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കഴിവുകെട്ട ഈ സര്‍ക്കാരും വനം വകുപ്പുമാണ് നേര്യമംഗലം സ്വദേശിനി ഇന്ദിര രാമകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളെന്ന് സതീശൻ പറഞ്ഞു.

Related News