'അനിലിനോട് പിണക്കമില്ല', മധുരം നല്‍കി സ്വീകരിച്ച്‌ പിസി ജോര്‍ജ്; തുഷാര്‍ വെള്ളാപ്പള്ളിക്കും മറുപടി

  • 04/03/2024

പത്തനംതിട്ട സീറ്റ് നിഷേധിച്ചതില്‍ പരസ്യകലാപത്തിനിറങ്ങിയ പിസി ജോർജ്ജ് ബിജെപി ദേശീയ നേതൃത്വത്വത്തിൻറെ ഇടപെടലോടെ അയഞ്ഞു. വീട്ടിലെത്തിയ അനില്‍ ആൻറണിയെ മധുരം നല്‍കി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. അതേ സമയം ജോർജ്ജിൻറെ വിമർശനങ്ങളില്‍ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മല്‍സരിക്കുമ്ബോള്‍ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനില്‍ ആന്റണിക്ക് സഭ നേതൃത്വങ്ങളില്‍ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കും.

ഇന്ന് വൈകിട്ടോടെയാണ് പിസി ജോര്‍ജിന്‍റെ വീട്ടില്‍ അനില്‍ ആന്‍റണിയെത്തിയത്. പിസി ജോര്‍ജിനെ വിമര്‍ശിച്ചുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിനും പിസി ജോര്‍ജ് മറുപടി നല്‍കി. സ്വയം നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് നന്നായെന്നും തുഷാർ തന്നെ പ്രചാരണത്തിന് വിളിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും പിസി ജോര്‍ജ് ചോദിച്ചു. വിളിക്കാതെ പ്രചാരണത്തിന് പോകേണ്ട കാര്യം ഇല്ലല്ലോ. വിളിക്കാതെ പോകാൻ താൻ ചന്തയല്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. അതേസമയം, പിസി ജോര്‍ജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്‍റണി പറഞ്ഞു.

മുതിർന്ന നേതാവായ ജോർജിന്‍റെ പിന്തുണ തനിക്കുണ്ടാകും. പിസി ജോർജിന്‍റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനില്‍ ആന്‍റണി പറഞ്ഞു.ഉറപ്പിച്ച്‌ സീറ്റ് അനില്‍ ആൻറണിക്ക് നല്‍കിയതിലായിരുന്നു പിസി ജോർജിൻറെ കടുത്ത അമർഷം. എതിർപ്പ് പലതവണ പരസ്യമാക്കി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ ജോർജ്ജ് ഒടുവില്‍ അയയുകയാണ്.

Related News