അർദ്ധരാത്രിയിലെ പ്രതിഷേധം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

  • 04/03/2024

അർദ്ധരാത്രിയിലെ പ്രതിഷേധ സമരത്തിൻ്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലാണ് ഒന്നാംപ്രതി. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്. കണ്ടാൽ തിരിച്ചറിയുന്ന 50 പേരെ കേസിൽ പ്രതി ചേർക്കും. 

അനധികൃതമായി സംഘംചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവക്കെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസാണ് കേസെടുത്തത്. വെറ്ററിനറി സർവകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, സർവകലാശാലാ തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സെക്രട്ടറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് എന്നിവർ നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുകയാണ്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കുക, വെറ്റിനറി സർവകലാശാല ഡീനിനെയും ഉത്തരവാദികളായ അധ്യാപകരെയും പിരിച്ചുവിട്ടു കേസിൽ പ്രതി ചേർക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം. സമാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ചും നടത്തും.

Related News