കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും

  • 05/03/2024

കോതമംഗലത്തെ കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടൻ എംഎൽ എയ്ക്കും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും. പ്രതികളുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോതമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും വൈരുധ്യമുണ്ടെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. എന്നാൽ കോതമംഗലത്ത് പ്രതിഷേധം നടത്തിയത് മനപ്പൂർവമാണെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. പ്രതികൾ നടത്തിയ അക്രമസംഭവത്തിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ തയ്യാറാണെന്നും പ്രോസക്യൂഷൻ വാദിച്ചു. സംഭവത്തിൽ പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. നഴ്സിങ് സൂപ്രണ്ടിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. അതേസമയം കോടതിയിൽ വിശ്വാസമുണ്ടെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു.

കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Related News