പ്രണയാഭ്യര്‍ഥന നിരസിച്ചു; വിദ്യാര്‍ഥിനിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച 19 കാരന്‍ അറസ്റ്റില്‍

  • 06/03/2024

വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്ബലം അരിക്കട മുക്ക് അനസ് മന്‍സിലില്‍ ആരീഫ് (19) ആണ് പിടിയിലായത്. തമിഴ്‌നാട് കുളച്ചലില്‍ നിന്നുമാണ് പിടികൂടിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എംജി കോളജ് വിദ്യാര്‍ഥിനിയെ ആയുധം കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്‌ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രാവച്ചമ്ബലം കോണ്‍വെന്റ് റോഡില്‍ വെച്ചായിരുന്നു ആക്രമണം. വിദ്യാര്‍ഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയില്‍ കാത്തുനിന്നാണ് പ്രതി ആക്രമിച്ചത്. പെണ്‍കുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടുകയായിരുന്നു. മുറിവേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് പൊലീസ് വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പിടിയിലായ ആരീഫിനെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. പ്രേമനൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് നേമം സിഐ പ്രജീഷ് പറഞ്ഞു.

Related News