സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ വിളിച്ചു; നിരാഹാരസമരം അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍

  • 09/03/2024

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ഉറപ്പായ സാഹചര്യത്തില്‍ നിരാഹാരസമരം അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍. സെക്രട്ടേറിയറ്റിന് മുമ്ബിലാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം നടത്തിയിരുന്നത്.

ഇന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ വന്ന് കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്നും, ഉടനെ ഇവര്‍ ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് നിരാഹാരസമരം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. ഈ സമയത്ത് തന്നെ വിഡി സതീശനെ സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് ഫോണില്‍ വിളിച്ച്‌ സംസാരിക്കുകയും ചെയ്തു. 

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ പലതവണ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അധികം വൈകാതെ തന്നെ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Related News