മരത്തില്‍ നിന്ന് വീണ് മരിച്ചതോ?, എട്ടുവയസുകാരന്റെ മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം

  • 10/03/2024

വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായി, ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയ അരുണ്‍ കുമാറിന്റെ (8) മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം. സജിക്കുട്ടന്റെ (15) മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്നും പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ ഊരിലേക്ക് കൊണ്ടുപോയി.

വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെയാണ് രണ്ടു കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കുട്ടികളെ കണ്ടെത്തുന്നതിന് ഏഴു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുട്ടികളുടെ മരണകാരണം വ്യക്തമല്ല. ഉച്ചയ്ക്ക് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വൈകീട്ടോടെ മാത്രമേ പുറത്തുവരികയുള്ളൂ. കൂടാതെ ആന്തരികാവയവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ കൂടി റിപ്പോര്‍ട്ട് കിട്ടുന്നതോടെയാണ് മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയതിനിടെ മരത്തില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കുട്ടികളെ കാണാതായി അഞ്ച് ദിസത്തിന് ശേഷമാണ് പൊലീസിന് പരാതി ലഭിക്കുന്നത്. രണ്ടു കുട്ടികളും ബന്ധുക്കളുടെ വീട്ടില്‍ പോകുറുണ്ട് അങ്ങനെ പോയതായിരിക്കാമെന്നായിരുന്നു കുടുംബം ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുട്ടികള്‍ ദിവസങ്ങള്‍ കഴിഞ്ഞും മടങ്ങി എത്താതിരുന്നതോടെയാണ് കുടുംബം പൊലീസിനെ വിവരം അറിയിച്ചത്.


Related News