വേനല്‍ കടുത്തു, വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍, ഇന്നലെ വൈകീട്ട് ഉപയോഗിച്ചത് 5031 മെഗാവാട്ട്

  • 12/03/2024

വേനല്‍ കടുത്തതോടെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആണ് മറികടന്നത്. 100ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം.

വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ക്ഷാമം, സാമ്ബത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്‌ഇബി. നിലവില്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന വില കൊടുത്താണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്. പീക്ക് സമയത്ത് ആറുകോടി രൂപയാണ് ഇതിനായി കെഎസ്‌ഇബി ചെലവഴിക്കുന്നത്. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ ഇത് ബാധ്യതയായി മാറുമെന്ന ആശങ്കയിലാണ് കെഎസ്‌ഇബി.

ഈ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ കരുതല്‍ വേണമെന്ന നിര്‍ദേശവും കെഎസ്‌ഇബി നല്‍കിയിട്ടുണ്ട്. ആവശ്യകതയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങി എത്തിക്കുകയാണ് കെഎസ്‌ഇബി ചെയ്തുവരുന്നത്.

Related News