വയനാട് ബദല്‍പാത: സാധ്യതാ പരിശോധനയ്ക്ക് ഭരണാനുമതി; 1.50 കോടി അനുവദിച്ചു

  • 13/03/2024

വയനാട്ടിലേക്ക് ചുരം ഇല്ലാതെയുള്ള ബദല്‍പാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ നിർമാണ സാധ്യത പരിശോധനയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. റോഡ് നിർമാണത്തിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികള്‍ക്ക് 1.50 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്.

വയനാട്ടിലേക്ക് കുരുക്കില്‍പെടാതെയും ചുരമില്ലാതെയും എളുപ്പത്തില്‍ എത്തുക എന്ന കാല്‍നൂറ്റാണ്ടായുള്ള ജനതയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിലേക്കാണ് ഇത് വഴിവെക്കുന്നത്.കോഴിക്കോട്, വയനാട് ജില്ലകളിലായി 28.83 കിലോമീറ്റർ ദൂരമുള്ള പാതയാണ് കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദല്‍പാത. ഇതില്‍ 10.61 കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 18.22 കിലോമീറ്റർ വയനാട് ജില്ലയിലുമാണ്.

വനമേഖലയിലൂടെയുള്ളതായതിനാല്‍ 25 വർഷമായി സാങ്കേതിക കുരുക്കുകളില്‍പ്പെട്ട് മുടങ്ങിക്കിടക്കുകയാണ് ഈ റോഡിന്റെ നിർമാണം. ചുരമില്ലാതെയുള്ള ഈ ബദല്‍പാത യാഥാർഥ്യമായാല്‍ മലയോരത്തിന്റെ വികസനക്കുതിപ്പിലെ നാഴികക്കല്ലായി അത് മാറും. ദൂരം കുറഞ്ഞതും വനഭൂമി ഏറ്റവും കുറവ് ഏറ്റെടുത്താല്‍ മതി എന്നതുമാണ് ഈ പാതയുടെ സവിശേഷത. പാതയുടെ ആകെയുള്ള 28.83 കിലോമീറ്ററില്‍ 12.940 കിലോമീറ്റർ നിക്ഷിപ്ത വനഭൂമിയാണ്.

Related News