പേരാമ്ബ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള്‍ മോഷ്ടാവാണെന്നാണ് പൊലീസിന്റെ നിഗമനം. അനുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിരുന്നു. തോട്ടില്‍ അര്‍ധനഗ്നയായിട്ടിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കമ്മല്‍ മാത്രമാണ് അനുവിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതെന്നും സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്‌ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഇരിങ്ങണ്ണൂരില്‍നിന്ന് വാഹനത്തില്‍ എത്തുന്ന ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായി മുളിയങ്ങലിലേക്ക് കാല്‍നടയായാണ് വീട്ടില്‍നിന്ന് അനു പുറപ്പെട്ടത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ആ സമയത്ത് തോട്ടിന് സമീപത്ത് ഒരു ചുവന്ന ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിയിരുന്നതായി നാട്ടുകാരി പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൈക്കുകാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബൈക്കുകാരന്‍ മോഷ്ടാവാണെന്ന നിഗമനത്തിലാണ് പൊലീസ്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുട്ടറ്റം വരെ മാത്രം വെള്ളമുള്ള തോട്ടില്‍ ഒരാള്‍ എങ്ങനെ മുങ്ങിമരിച്ചെന്നതാണ് കേസിലെ ദൂരൂഹത. നടന്നുപോകുന്നയാള്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണ്. മോഷണശ്രമത്തിനിടെ വീണതാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. റോഡിന് സമീപം തോട്ടില്‍ മൊബൈല്‍ ഫോണും പേഴ്‌സും വീണു കിടക്കുന്നുമുണ്ടായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?