നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരില്‍ കുറുങ്കുടി വാസുവിന്റെ മകള്‍ അംബിക എന്ന അനുവിനെ (26) കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ബൈക്കില്‍ ലിഫ്റ്റ് കൊടുത്തശേഷം വഴിയില്‍ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തില്‍ തല ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
മോഷ്ടിച്ച ബൈക്കിലാണ് ഇയാള്‍ എത്തിയത്. പിടിയിലായ മലപ്പുറം സ്വദേശിയുടെ സ്ഥിരം കവർച്ചാ രീതിയാണിതെന്നും ഇയാള്‍ നേരത്തെ ബലാത്സംഗ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുലർച്ചെ മലപ്പുറത്തെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അനുവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ നേരത്തേ പൊലീസ് എത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതി പിടിയിലായത്.
തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. ഭർത്താവിനോടൊപ്പം ആശുപത്രിയില്‍ പോകാൻ സ്വന്തം വീട്ടില്‍ നിന്ന് പുറപ്പെട്ട അനുവിനെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവില്‍, ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടൂർ താഴെ വയലിലെ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് ഒരുകിലോമീറ്റർ അകലെയുളള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഷ്ടിച്ച് മുട്ടൊപ്പം മാത്രം വെള്ളമുളള തോട്ടില്‍ മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ചതോടെ കൊലപാതകമാണെന്ന സംശയം പൊലീസിന് ബലപ്പെട്ടു.
തുടർന്ന് ഇതിലെ പോയ ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം മുന്നോട്ടുപോയത്. സമീപത്തെ സിസിടിവിയില്‍ മലപ്പുറം സ്വദേശിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?