കേരള രാഷ്ട്രീയത്തില്‍ എന്നന്നേക്കുമായി മാറ്റമുണ്ടാകും, എൻഡിഎ 400ന് മുകളില്‍ സീറ്റ് നേടും: പ്രകാശ് ജാവ്ദേക്കര്‍

  • 17/03/2024

വികസനവും കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. ബിജെപി 370ന് മുകളില്‍ സീറ്റ് നേടും. എൻഡിഎ സഖ്യം 400ന് മുകളില്‍ സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോള്‍ ആരും പറയുന്നില്ല. മുന്നില്‍ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സർക്കാർ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടർമാർക്കും അറിയാം. അതേസമയം ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ എന്നന്നേക്കുമായി മാറ്റമുണ്ടാകാൻ പോവുകയാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ നരേന്ദ്ര മോദി കേരളീയർക്ക് എത്തിച്ചെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 1.5 കോടി പേർക്ക് സൌജന്യ അരി, 50 ലക്ഷം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുദ്ര ലോണ്‍, 35 ലക്ഷം കർഷകർക്ക് കിസാൻ സമ്മാന്‍ പദ്ധതി, 4 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍, 20 ലക്ഷം കുടുംബങ്ങള്‍ക്ക് ജല്‍ ജീവൻ വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാക്കി. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകം നമ്മളെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Related News