വിവാദങ്ങള്‍ക്ക് പിന്നാലെ നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. പരിചയക്കാരനായ ഡോക്ടറുടെ ഫോണ്‍ വിളിയിലാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും പത്മഭൂഷണ്‍ കിട്ടേണ്ടതല്ലേ എന്ന് ഡോക്ടർ ചോദിച്ചത് കേട്ടിട്ടാണ് മകൻ മാനസിക വിഷമത്തോടെ സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഇക്കാര്യമാണ് മകൻ രഘു ഫേയ്സ്ബുക്കില്‍ എഴുതിയത്.
സുരേഷ് ഗോപിയോടുള്ള സ്നേഹം കാരണം താൻ അദ്ദേഹത്തെ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ പത്മഭൂഷണ്‍ കിട്ടാൻ സുരേഷ് ഗോപിയെ സമീപിച്ചിട്ടില്ല. സമീപിക്കുകയും ഇല്ല. പത്മഭൂഷണ്‍ കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം എന്ന് ഡോക്ടർ പറഞ്ഞത് മാനസിക വിഷമം ഉണ്ടാക്കി. തുടർന്നാണ് മകൻ ഡോക്ടറോട് സംസാരിച്ചത്. പിന്നീടത് വേണ്ടായിരുന്നു എന്നു താൻ പറഞ്ഞപ്പോള്‍ മകൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഡോക്ടർ തൃശൂർ ജില്ലക്കാരനാണെന്നും പേരറിയില്ലെന്നും കഥകളി കാണാൻ വന്നുള്ള പരിചയമാണെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
കലാകാരൻ എന്ന നിലയ്ക്ക് എന്നെ സ്നേഹിക്കുന്ന ആർക്കും എപ്പോഴും തന്‍റെ വീട്ടിലേക്ക് വരാം. അതിനാരും തടസ്സം പറയില്ല. മകന് സുരേഷ് ഗോപി , മോഹൻലാല്‍, മമ്മൂട്ടി എന്നിവരോട് വലിയ ബഹുമാനമുള്ളയാളാണെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിക്ക് തന്‍റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്താണ് സംഭവിച്ചതെന്ന് കലാമണ്ഡലം ഗോപി വിശദീകരിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?