'കറുത്തവര്‍ മത്സരത്തിനു വേണ്ട, പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല'; അധിക്ഷേപം തുടര്‍ന്ന് സത്യഭാമ

  • 21/03/2024

വംശീയ അധിക്ഷേപങ്ങളെ ന്യായീകരിച്ച്‌ നര്‍ത്തകിയും അധ്യാപികയുമായ കലാമണ്ഡലം സത്യഭാമ. പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ഇനിയും പറയും. ആരുടേയും പേരു പറഞ്ഞിട്ടില്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാകണം, മോഹനന്‍ ആകരുത്. കറുത്ത നിറമുള്ള കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു. 

മോഹിനിയാട്ടം അവതരിപ്പിക്കുന്ന മാഡം സുന്ദരിയാണെന്ന് കരുതുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. 'ഞാന്‍ ഇപ്പോള്‍ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ലേ. അതെനിക്ക് മതി. അതില്‍ റിപ്പോര്‍ട്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒരു മാധ്യമങ്ങള്‍ക്കും പൊള്ളേണ്ട കാര്യമില്ല'.

കോടതിക്കും പൊലീസിനും തെളിവാണ് വേണ്ടത്. താന്‍ ഒരു വ്യക്തിയുടേയും പേരു പറഞ്ഞിട്ടില്ല. പേരു പറഞ്ഞാലാണ് കുഴപ്പമുള്ളത്. നിങ്ങള്‍ എല്ലാവരും കൂടി ആ വ്യക്തിയുടെ കൂടെ കൂടിക്കോളൂ. ഒരു വിരോധവുമില്ല. 'എന്റെ പേരിനൊപ്പമുള്ള കലാമണ്ഡലം എന്നത് എടുത്തു കളയാനൊന്നും ആര്‍ക്കും പറ്റില്ല. അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. വ്യക്തിപരമായി ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. എന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും അഭിപ്രായം പറയും'.

Related News