തിരുവനന്തപുരം നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

  • 21/03/2024

തലസ്ഥാന നഗരത്തില്‍ ടിപ്പർ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ ദിവസവും രാവിലെയും വൈകീട്ടുമായി നാല് മണിക്കൂറാണ് നിയന്ത്രണം. രാവിലെ എട്ടു മുതല്‍ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതല്‍ അഞ്ചു മണി വരെയും നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങള്‍ക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച്‌ വീണ് അപകടത്തില്‍ പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം മരണവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം അലസി പിരിഞ്ഞു. അനന്തുവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നതില്‍ യോഗത്തില്‍ തീരുമാനമായില്ല. ആര് നഷ്ടപരിഹാരം നല്‍കണമെന്നതില്‍ തീരുമാനമുണ്ടായില്ല. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോയി. അദാനി ഗ്രൂപ്പും നഷ്ടപരിഹാരം നല്‍കാൻ തയ്യാറാണെന്ന് യോഗത്തില്‍ പറഞ്ഞില്ല. അദാനിക്ക് വേണ്ടി നടന്ന ചര്‍ച്ചയെന്നായിരുന്നു പിന്നീട് കോണ്‍ഗ്രസ് നേതാവ് എം വിൻസന്റ് പ്രതികരിച്ചത്. 

അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. മുൻപ് സമാനമായ അപകടത്തില്‍ പരിക്കേറ്റ സന്ധ്യാറാണിക്കും നഷ്ടപരിഹാരം ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിലൊന്നും യോഗത്തില്‍ തീരുമാനമായിരുന്നില്ല. ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് യോഗത്തിനു ശേഷം ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച്‌ പരിശോധന കര്‍ശനമാക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. ടിപ്പറുകള്‍ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

Related News